Skip to main content

ഓർമ്മ : രാമസ്വാമി

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്… ഇന്നീ ദിവസം വരെ അച്ചനില്ലാത്ത കുറവ് ഞങ്ങളെ അറിയിക്കാതിരിക്കാൻ കഴിവിനുമപ്പുറം ശ്രമിക്കുന്നുണ്ട് അമ്മ. അവരോളം വലുതായി എനിക്കൊന്നുമില്ല… ഉണ്ടാവുകയുമില്ല…
പക്ഷേ,
എല്ലാ ആൺകുട്ടികളുടെയും ഒരു നായകപരിവേഷമുള്ള സ്വത്വമാണ് അച്ഛൻ. ഇടയ്ക്ക് എവിടെയൊക്കെയോ എനിക്ക് അച്ഛനെ മിസ്സ് ചെയ്തിട്ടുണ്ട്.
ശ്രദ്ധിച്ചിട്ടുണ്ടോ…!?
നിങ്ങൾക്ക് അമ്മയെ പോലെ കരുതൽ തരുന്ന ആരെയും അമ്മ എന്ന് വിളിക്കാം… സഹോദരങ്ങളെ പോലെ ഹൃദയം ചേർക്കുന്നവരെ ചേട്ടനോ ചേച്ചിയോ സൗകര്യം പോലെ എന്തും വിളിക്കാം… പക്ഷേ കൂട്ടിനില്ലാത്ത അച്ഛന്റെ കരുതലോ സ്നേഹമോ സാമീപ്യമോ നൽകുന്ന ആളെ അച്ഛൻ എന്ന് വിളിക്കാൻ പറ്റില്ല… എങ്കിൽ എത്ര നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്.
അച്ഛൻ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ എന്റെ തോളൊപ്പം പൊക്കമുള്ള ഒരാളായിരിക്കും… ഒരല്പം ഉരുണ്ട ശരീരപ്രകൃതി… എപ്പഴും വടിവൊത്ത വേഷം ധരിച്ച് പുറത്തിറങ്ങുള്ളു… അങ്ങനെയുള്ള, ആളുകളെ എനിക്കിഷ്ടമാണ്. അങ്ങനെ ഒരാളെ ഞാൻ തിരുവനതപുരത്ത് കണ്ടു… കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ “കാല” സിനിമ റിലീസ് ആകുന്ന ദിവസം. വടിവൊത്ത മനോഹരമായ വസ്ത്രം ധരിച്ച ശ്രീത്വമുള്ള ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ട്. സിനിമ കഴിഞ്ഞാണ് സംസാരിക്കാൻ അവസരം കിട്ടിയത്.
രാമസ്വാമി.
ചില കേൾവിക്കാർ നമ്മൾ റേഡിയോയിൽ പറയുന്നത് വളരെയധികം ശ്രദ്ധിക്കും. അഭിപ്രായം പറയാൻ വിളിക്കും. എല്ലാവരും എന്നും കേൾക്കുമെന്നും വിളിക്കുമെന്നും ഉറപ്പൊന്നുമില്ല. ഒരു ദിവസത്തെ അബദ്ധം പറച്ചിൽ മതി എന്നന്നേക്കുമായി ചിലരെ കേൾവിക്കാരുടെ ലിസ്റ്റിൽ നിന്ന് നഷ്ടപ്പെടുവാൻ. അതേ സമയം ചിലർ എന്നും നമ്മളെ മാത്രേ കേൾക്കൂ എന്നൊരു തോന്നൽ ഉണ്ടാക്കും. അവർ എന്നും വിളിക്കും. എല്ലാത്തരം അഭിപ്രായവും പറയും. ഒരു പറച്ചിൽ തൊഴിലാളിയും കേൾവിക്കാരനും/രിയും തമ്മിലുള്ളതിനും അപ്പുറം അവിടെ ഒരു ബന്ധമുണ്ട്. സ്നേഹവും വിശ്വാസവും കരുതലും ശാഠ്യവും അഭിപ്രായവ്യത്യാസവും ഒക്കെ അംഗീകരിക്കപ്പെടുന്ന റേഡിയോ ഹിസ്റ്ററിയിൽ പേര് രേഖപ്പെടുത്തിയിട്ടില്ലാത്ത ഒന്ന്. തിരുവനന്തപുരം റെഡ് എഫ് എമ്മിൽ മോണിംഗ് നമ്പർ വൺ ചെയ്തു തുടങ്ങി ഒരാഴ്ചയുടെ പോലും ദൈർഘ്യമില്ലാതെ എന്നെ തേടി വന്ന ചിലരാണ്, രാമസ്വാമിയും പൂർണിമയുമെല്ലാം. പിന്നീട് ജനാർദ്ദനനും നിഖിലും അടക്കം ലിസ്റ്റ് വലുതായി തുടങ്ങി.(ഇതൊന്നും എന്റെ മാത്രം അപാര കഴിവൊന്നുമല്ല. എനിക്ക് മുൻപും കൂടെയും ഷോ ചെയ്യുന്ന എല്ലാവരുടെയും ഗുണമാണ്.)
“കാല” കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആ മനുഷ്യൻ എന്നെ നോക്കി ചിരിച്ചു. ഞാൻ ചെന്നു, സംസാരിച്ചു. ഭർത്താവിന്റെ പ്രിയപ്പെട്ട ആർജെയാണ് എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഇപ്പഴും ഓർമ്മയുണ്ട്. ഞങ്ങൾ ഷേക് ഹാൻഡ് ചെയ്തപ്പോ ആ മനുഷ്യൻ രണ്ടു കയ്യും ചേർത്തുപിടിച്ചു. പിന്നെയും ഇടക്കെപ്പോഴോ വിളിച്ചു. എനിക്ക് ഇഷ്ടമായിരുന്നു രാമസ്വാമി എന്ന കേൾവിക്കാരനെ. ആരൊക്കെ റേഡിയോ മാറ്റിയാലും എന്നെ കേൾക്കും എന്നുറപ്പുള്ള കേൾവിക്കാരനെ.
ആ മനുഷ്യന്റെ മരണവാർത്ത Anjali വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എന്തോ ഒന്ന് നഷ്ടപ്പെട്ട പോലെ. ഞാൻ നിങ്ങളെ മിസ്സ് ചെയ്യും രാമസ്വാമി. സത്യം.
അദ്ദേഹത്തെ രക്ഷിക്കാൻ തങ്ങളാൽ ആവുന്നത്ര ശ്രമിച്ച പെൺകുട്ടികൾക്ക് നന്ദി. ആ മനുഷ്യൻ ജീവിച്ചെങ്കിൽ സന്തോഷിക്കുമായിരുന്ന, വളരെ ഏറെ സന്തോഷിക്കുമായിരുന്ന ഒരാളുടെ ഹൃദയം നിറഞ്ഞ നന്ദി.

Comments

Popular posts from this blog

Varathan Malayalam Movie Explanation | Varathan Climax Explained | Unni ...

ഒരുങ്ങി ഇറങ്ങിയചെകുത്താൻ | Empuraan Review Malayalam | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #empuraan #mohanlal #prithvirajsukumaran #antonyperumbavoor #deepakdev

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview