അച്ഛന് സ്ഥലം മാറ്റം കിട്ടുമ്പോ കിട്ടുമ്പോ ഞങ്ങള് നാല് മക്കളെയും ഭാര്യേം കൂട്ടിയില്ലെങ്കിൽ വല്ല്യ സമാധാനക്കേടാണ്... അക്കാലത്ത് നല്ല വീട് കിട്ടിയാൽ ഭാഗ്യം എന്നാണവസ്ഥ... ഇനി കിട്ടിയാലും ഇല്ലെങ്കിലും കുരുത്തക്കേടിന് കൈയ്യും കാലും വെച്ച നമുക്കെന്താ..!!! അന്നൊക്കെ ഒരു മുറിയുള്ള വീടുകളിൽ കഴിയുമ്പോ രണ്ടു ഡബിൾ കോട്ട് കട്ടിൽ അടുപ്പിച്ചിട്ടാണ് അച്ഛനും അമ്മേം പിള്ളേരും ഉറങ്ങുക. ഇപ്പോഴും ഇഷ്ടം ആ അറ്റത്തെ മൂലയാണ്. ലോകത്തിലെ ഏറ്റവും സേഫ് ആയ ഇടം. ഭൂതപ്രേതങ്ങൾ രാത്രി രക്തം കുടിക്കാൻ വരുമ്പോ ആദ്യം അറ്റത്ത് കിടക്കുന്നവരെ തട്ടി കഴിഞ്ഞല്ലേ നമ്മുടെ അടുത്തെത്തുള്ളു. അപ്പോഴേക്കും വിശപ്പടങ്ങി തിരികെ പോയാൽ നമ്മള് സേഫ്. അതിലും വലിയ ഒരു കാര്യമുണ്ട്. മൂന്ന് ഈർക്കിലി ഒന്നിച്ച് ചേർത്ത് അറ്റം വളച്ച് വൃത്താകൃതിയിൽ വെച്ച് ചൂട് വെള്ളത്തിൽ മുക്കിയാണ് അമ്മയുടെ പ്രഹരങ്ങൾ നടക്കപ്പെടുക. പാവത്തിനെ പറഞ്ഞിട്ട് കാര്യമില്ല. അമ്മയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ എനിക്ക് ഞാൻ തന്നെ വിഷം കൊടുത്ത് തട്ടിക്കളഞ്ഞേനെ... അത്രയും കുരുത്തം കെട്ട വിത്ത്. അങ്ങനെ അമ്മ തല്ലാൻ വരുമ്പോ ഒരു ഒട്ടമുണ്ട്. വീടിനകത്തും, വീടിന് ചുറ്റും ഒക്കെ. ചിലപ്പോ അമ്മ തളർന്നു നിർത്തിപ്പോകും... ചിലപ്പോ തളരുന്നത് ഞാനാകും. അവസാന ആശ്രയം കീഴടങ്ങൽ ആണ്. പക്ഷേ കീഴടങ്ങുന്ന കാര്യം പറയുമ്പോ ഒന്ന് കിട്ടും, ആ കിട്ടൽ ഒഴിവാക്കാൻ ഒറ്റ വഴിയേ ഉള്ളൂ. അതാണ് നേരത്തെ പറഞ്ഞ പോലെ, ഈ കട്ടിലിന്റെ ഇങ്ങേ മൂല. അവിടേക്ക് സാരി ഉടുത്ത അമ്മ കേറി വരാൻ എടുക്കുന്ന 8-10 സെക്കൻഡുകൾ... അപ്പോഴേക്കും കൈ കൂപ്പി "തല്ലല്ലേ അമ്മച്ചീ... കൊല്ലല്ലേ അമ്മച്ചീ... അയ്യോ" എന്നൊക്കെ വിളിച്ചാണ് രക്ഷപ്പെട്ടുകൊണ്ടിരുന്നത്... ഇപ്പഴും ഏൽക്കില്ല. പക്ഷേ കണക്കിൽ പ്രോബബിളിറ്റി പഠിക്കും മുൻപ് ജീവിതം പഠിപ്പിച്ച പ്രോബബിളിറ്റി സിദ്ധാന്തം. ഒരു പക്ഷെ എന്ന ചാൻസ് ഉള്ളപ്പോ രണ്ടും കൽപ്പിച്ച് ശ്രമിക്കുക...
Comments
Post a Comment