Skip to main content

പ്രിയപ്പെട്ട ബാലുച്ചേട്ടാ...

പ്രിയപ്പെട്ട ബാലുച്ചേട്ടാ...
അങ്ങനെ വിളിക്കാൻ മാത്രം പരിചയമോ ബന്ധമോ, എന്തിനു നേരിട്ട് കണ്ടിട്ട് പോലുമില്ല. പക്ഷെ നിങ്ങളുടെ വയലിൻ കേട്ട് വളർന്ന കേരളത്തിലെ മറ്റേതൊരാളും വിളിക്കുന്ന പോലെ എനിക്കും അവകാശമുണ്ട്.

"എൻ നെഞ്ചിലേ" എന്ന് തുടങ്ങുന്ന പാട്ടും "നോ നോ ടെൻഷൻ" എന്ന പാട്ടുമൊക്കെയാണ് ഈ ചേട്ടൻ കൊള്ളാമല്ലോ എന്നാദ്യം തോന്നിപ്പിച്ചത്.
പിന്നെ ഏതെക്കെയോ സ്റ്റേജ് ഷോകളിൽ നിങ്ങളെങ്ങനെ ഒറ്റയാനെ  പോലെ കാണികളെ കയ്യിലെടുത്തമ്മാനമാടുമ്പോ കൊതിച്ചിട്ടുണ്ട്...
ആദ്യമായി ജോലിക്ക് ഇന്റർവ്യൂന് പോയപ്പോ ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം ചോദിച്ചു. "ഏറ്റവും പ്രൗഢമായ ഒരു സ്റ്റേജിൽ എന്നെക്കാണാൻ, എന്റെ പെർഫോമൻസ് കാണാൻ മാത്രം നോക്കിയിരിക്കുന്ന ഒരു വലിയ പുരുഷാരത്തെ ഒരിക്കൽ അഭിസംബോധന ചെയ്യണം... നീലയും വയലറ്റും ഓറഞ്ചും ബാക്ക്ഗ്രൗണ്ട് ലൈറ്റുകൾ തിളങ്ങുന്ന വേദിയിൽ... ആ സ്പോട്ടിൽ തട്ടിപ്പോയാലും ഞാൻ ഹാപ്പിയാണ് സാറേ" എന്നാണ് അന്ന് മറുപടി കൊടുത്തത്.
ബാലുച്ചേട്ടാ, നിങ്ങളെയൊക്കെ കണ്ടു കേട്ട് കൊതിച്ചു വളർന്നത് കൊണ്ടാവും അന്നിത് പറയുമ്പോ ഞാൻ പറയുന്നത് ഒരു അഹങ്കാരമായോ അതിമോഹമായോ തോന്നാഞ്ഞത്.
ഞാൻ ഉപയോഗിച്ച ഏതൊരു ഇന്റർനെറ്റ് കണക്ഷനുള്ള ഡിവൈസിലും യൂട്യൂബിൽ നിങ്ങളുടെ ഒരു വീഡിയോ സജഷനായി കാണിക്കുന്ന അളവോളം നിങ്ങളുടെ വീഡിയോസ് തപ്പിയെടുത്തിരുന്ന് കണ്ടിട്ടുണ്ട്.
മട്ടന്നൂരിനൊപ്പവും ശിവമണിക്കൊപ്പവും സ്റ്റീഫനൊപ്പവും ഒക്കെ നിങ്ങൾ വീണ്ടും വീണ്ടും കേൾക്കാനും കാണാനും തോന്നിപ്പിച്ച പെർഫോമൻസുകൾ...
തിരുവനന്തപുരത്തെ ജോലിക്കിടയിൽ പ്രവീൺ ചേട്ടൻ നിങ്ങളുടെ അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞപ്പോ "എന്നാൽ ഒന്ന് ഡീറ്റൈൽ ആയി പരിചയപ്പെടാം, കമ്പനിയാവാം" എന്നൊക്കെ ആഗ്രഹിച്ചിരുന്നു. പ്രളയകാലത്ത്‌ ഓൺ എയർ സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുമ്പോ ഓഫീസിലെത്തിയ ഒരു സെറ്റ്  ലോഡുകണക്കിന് സാധനങ്ങളിൽ ചൂണ്ടി "ബാലഭാസ്കർ കൊണ്ടുവന്നതാ" എന്ന് പറഞ്ഞപ്പോ ഒരൽപം നേരത്തേയെത്തിയിരുന്നെങ്കിൽ കാണാമായിരുന്നു എന്ന് ഒരു ചെറിയ, വളരെ ചെറിയ ഒരു നിരാശ തോന്നി. പക്ഷെ അപ്പോഴും അറിഞ്ഞില്ല നിങ്ങളിങ്ങനെ നേരത്തെ പോകും എന്ന്. പ്രവീൺ ചേട്ടനോടൊപ്പം നിങ്ങളെ ഞാൻ നേരിട്ട് പരിചയപ്പെടുമല്ലോ എന്ന് മനസ്സിൽ ഒരു ഉറപ്പുണ്ടായിരുന്നു.
ഇന്ന് നിങ്ങളാ ശരീരം ഉപേക്ഷിച്ചങ്ങ് പോയി... നിങ്ങളെ സ്നേഹിക്കാൻ എന്നെയും ലക്ഷക്കണക്കിന് ആളുകളെയും പ്രേരിപ്പിച്ച സംഗീതം ഞങ്ങൾക്കായി ഇവിടെ തന്നെ സൂക്ഷിക്കാൻ ഏല്പിച്ച്.
ഒരു ഗംഭീര പെർഫോമൻസിനു ശേഷം ചിലപ്പോഴൊക്കെ നിങ്ങൾ ചെയ്തിട്ടുള്ള പോലെ, ഏറ്റവും മനോഹരമായ വരിയുടെ അതിഗംഭീരമായ വയലിൻ മീട്ടലിനിടെ പെട്ടെന്നൊരു സഡ്ഡൻ ബ്രേക്ക്... ആൾക്കൂട്ടത്തിന്റെ ഇനിയും ഇനിയുമെന്ന ആരവങ്ങളുടെ ഇടയിൽ കൊതിപ്പിച്ചൊരു നിർത്തൽ...

പറയാൻ ബാക്കി വെച്ച ഒരു സ്വയം പരിചയപ്പെടുത്തലുണ്ട് "ബാലുച്ചേട്ടാ, എന്റെ പേര് ഉണ്ണി. നിങ്ങടെ ഒടുക്കത്തെ ഫാനാ... കുട്ടിക്കാലം മുതലിങ്ങനെ കൊതിക്കുന്നതാ നിങ്ങക്കൊരു ഷേക്ക് ഹാൻഡ് തരാൻ..."

#balabhaskar #music #violin #love #inspiration #violinist #musician #rip #passedaway #bhalabhaskar

Comments

Popular posts from this blog

Varathan Malayalam Movie Explanation | Varathan Climax Explained | Unni ...

ഒരുങ്ങി ഇറങ്ങിയചെകുത്താൻ | Empuraan Review Malayalam | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #empuraan #mohanlal #prithvirajsukumaran #antonyperumbavoor #deepakdev

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview