വീട്ടിൽ ഞങ്ങൾ നാല് മക്കളാണ്. അതോണ്ട് പലഹാരങ്ങൾ മുന്നിൽ വന്നാൽ കൂടുതൽ കഴിക്കാൻ, സ്പീഡിൽ വായ് നിറയെ കഴിക്കുക എന്നതാണ് പണ്ടേയുള്ള ടെക്നിക്ക്. ഞായറാഴ്ചകളിൽ പൊതുവെ വൈകിട്ടത്തെ ചായക്ക് മിച്ചറും അമ്മേടെ കയ്യിൽ കാശുണ്ടെങ്കിൽ ചിപ്സുമൊക്കെ കാണും…അങ്ങനെ വായ് നിറയെ മിച്ചറും ചിപ്സും ഒക്കെ തള്ളിക്കേറ്റിയിട്ട് ഒരൊന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞാൽ തണുത്ത് പോകാവുന്ന ചായേം കുടിച്ചോണ്ട് കണ്ട സിനിമകൾ ഉണ്ട്… അതിൽ സൂപ്പർ താരങ്ങളെ കണ്ട ഓർമയില്ല… ജഗദീഷും സിദ്ധിക്കും മുകേഷും പ്രേംകുമാറും ഇടക്കെപ്പോഴോ ജയറാമും ദിലീപും ഒക്കെ നായകന്മാരായി വന്ന സിനിമകൾ… കാണുക ചിരിക്കുക എന്നതിനപ്പുറം കഥയൊന്നും നോക്കാതെ ചിരിച്ചു മരിച്ച സിനിമകൾ… ആദ്യമായി ആരാധന തോന്നുന്നത് കലാഭവൻ മണിയോട് മാത്രമാണ്. “പഞ്ചപാണ്ഡവന്മാർ” എന്ന സിനിമയിൽ മണിച്ചേട്ടൻ മരിക്കുന്ന സീനിൽ കരഞ്ഞിട്ടുണ്ട്… ഞങ്ങൾ പാലക്കാടുള്ളപ്പോൾ മണിച്ചേട്ടന്റെ പാട്ടില്ലാത്ത ഓട്ടോയും പാടാത്ത, വേഷമനുകരിക്കാത്ത ഒട്ടോക്കാരും ഇല്ലാരുന്നു… സൂപ്പർ താരങ്ങൾ ഇല്ലാത്തതിനാൽ തമാശക്കാരായ ചില പുലികളുടെ പഞ്ച് ഡയലോഗും പെർഫോമൻസുമൊക്കെ മനസ്സിൽ അടിയുറച്ച് കിടപ്പുണ്ട്…
അതിൽ ഇന്ദ്രൻസ് എന്ന നടന് ഒത്തിരി ക്രെഡിറ്റ് ഉണ്ട്…
“തകിട തകിട തന്താ… നാ…”
“ഇത്രേം ലഡും ജിലേബിയോക്കെ വാങ്ങിതന്നപ്പഴെ ഞാൻ വിചാരിച്ചു രണ്ടു കണ്ണെങ്കിലും ചോദിക്കുമെന്ന്… കിഡ്നി ചോദിക്കാഞ്ഞത് ഭാഗ്യം”
“റെക്കോർഡിംഗ് വർക്ക് ചെയ്യുന്നില്ലന്നായിരുന്നു കമ്പ്ലെയിന്റ്”
“ആഹാ… ആഹാ… ആഹഹാ…”
ഇതൊക്കെ ചിലത് മാത്രം…
ബ്രാൻഡ് ചെയ്യപ്പെടാതെ
സെൽ ചെയ്യപ്പെടാതെ
ആഘോഷിക്കപ്പെടാതെ
ആ നടൻ മലയാള സിനിമയോടൊപ്പം തുഴഞ്ഞു വന്നു. കാലം അയാളിലെ മികച്ച നടനെ നമുക്ക് കാണിച്ച് തന്നു.
സെൽ ചെയ്യപ്പെടാതെ
ആഘോഷിക്കപ്പെടാതെ
ആ നടൻ മലയാള സിനിമയോടൊപ്പം തുഴഞ്ഞു വന്നു. കാലം അയാളിലെ മികച്ച നടനെ നമുക്ക് കാണിച്ച് തന്നു.
അപ്പോത്തിക്കരിയിലെ വിരലുകൾ പോലും അഭിനയിച്ച ഒരു സീൻ പറഞ്ഞപ്പോ, ആ സിനിമക്ക് അവാർഡ് കിട്ടാതെ വന്നപ്പോ എനിക്കും സങ്കടം തോന്നിയിരുന്നു എന്ന് പറഞ്ഞപ്പോ, പഴെ കോമഡി സീനുകളിലെ ഓരോ നുറുങ്ങ് കഷ്ണങ്ങളും ഓർത്തെടുത്ത് മുന്നിൽ നിരത്തിയപ്പോ ഞാൻ കണ്ട ആ കണ്ണിലെ തിളക്കം, ചേട്ടന് അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞപ്പോ ഒരു സെക്കൻഡ് നിശബ്ദമായി എന്നെ നോക്കിയിട്ട് “അതെന്താ ഉണ്ണീ അങ്ങനെ പറ്റിയെ” എന്ന് ചോദിച്ച നിഷ്ക്കളങ്കത, അങ്ങനെ ഒത്തിരിയുണ്ട്…
ഒരൊറ്റ ഡയലോഗ് കൂടി… ഈ മനുഷ്യനോട് സംസാരിച്ചപ്പോൾ തോന്നി ഒന്നുമല്ലാത്ത ഞാൻ പോലും ഒടുക്കത്തെ ജാടയാണെന്ന്… അത്രമാത്രം വിനയം… എങ്ങനെ ഒരു മനുഷ്യന്… അതും അംഗീകാരങ്ങൾ തലയിൽ ഏറി തുടങ്ങുമ്പോൾ…
ഒരു ലോഡ് ബഹുമാനം… ഒരു കുന്ന് സ്നേഹം… എല്ലാം നേടിയിട്ടാണ് ആ മനുഷ്യൻ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിയത്…
ആളെ ഒരുക്കാൻ വന്ന് ആളായി ഒരുങ്ങി നിൽക്കുന്ന… ഇന്ദ്രൻസ്…
Comments
Post a Comment